ലോകത്തിലെ എല്ലാ തൊഴിലാളി സഖാക്കള്‍ക്കും മെയ്‌ദിനാശംസകള്‍.
ഇവിടെ അബാനയില്‍ പതിവുപോലെ ആഘോഷമായി മെയ് ദിനം കൊണ്ടാടി.
ഉറങ്ങാന്‍ പോകുന്നതിനുമുമ്പുതന്നെ മെയ്‌ദിനക്കണി വച്ചിട്ടാണു കിടന്നത്. അപ്പൂപ്പന്റെ കാലം മുതലേ കുടുംബത്തിലുണ്ടായിരുന്ന മാര്‍ക്സ് വിഗ്രഹം, ഒരു ചുവന്ന ആപ്പിള്‍, സ്ട്രാബെറികള്‍, ക്യൂബയിലേക്കു ഞാന്‍ പോന്ന സമയത്ത് ലോക്കല്‍ കമ്മറ്റി നല്‍കിയ യാത്രയയപ്പില്‍ എനിക്കു തന്ന പൊന്നരിവാള്‍-ചുറ്റിക-നക്ഷത്രങ്ങള്‍ മുതലായവ ഒരു ചുവന്ന പട്ടില്‍ ഒരുക്കിവച്ചു.രാവിലെ എഴുന്നേറ്റു കണ്ണുതുറന്നപ്പോഴേ അങ്ങനെ ഒരു നല്ല കണി കാണാന്‍ പറ്റി. ഞാന്‍ തന്നെയുണ്ടാക്കിയ ഒരു വിപ്ലവകീര്‍ത്തനവും പാടിക്കൊണ്ടാണു ഞാനെഴുന്നേറ്റത്:
"കണി കാണും നേരം ദീര്‍ഘരോമന്റെ നിറമേറും ചെമലത്തുകില്‍ ചാര്‍ത്തി
കനകച്ചുറ്റിക, യരിവാള്‍, നക്ഷത്രം അണിഞ്ഞുകാണേണം തിരുമാര്‍ക്സേ"
എല്ലാ നല്ല ദിവസങ്ങളിലും ചെയ്യാറുള്ളതുപോലെ, മാനിഫെസ്റ്റോ ഗ്രന്ഥം പകുതിക്കു തുറന്ന് ഏഴുവരിയും, ഏഴക്ഷരവും തള്ളി വായിച്ചുനോക്കി (കൃത്യമായി ഭാവി അറിയാന്‍ ഇതെന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്). ഇത്തവണ കണ്ടത് ഇതായിരുന്നു: "The Communists do not form a separate party opposed to other working-class parties." ഇത്തവണത്തെ ഫലം മോശമില്ലല്ലോ എന്നു ഞാന്‍ സന്തോഷിച്ചു. ഇതിന്റെ ഒരു കോപ്പി എടുത്ത് ആ വെളിയം ഭാര്‍ഗ്ഗവന്‍ സഖാവിനൊന്നയച്ചുകൊടുക്കണം. അങ്ങേര്‍ ശരിയായ കമ്മ്യൂണിസ്റ്റാണെങ്കില്‍ വലതുപാര്‍ട്ടി പിരിച്ചുവിടാന്‍ നടപടിയെടുക്കട്ടെ.
വിപ്ലവകര്‍മ്മങ്ങളൊക്കെക്കഴിഞ്ഞു ടെറസ്സിലിറങ്ങിനോക്കിയപ്പോള്‍ എല്‍ മോറോ കോട്ടയ്ക്കുമുകളില്‍ പ്രഭാതസൂര്യന്റെ അരുണരശ്മികള്‍ രക്തപുഷ്പമാലകളണിയിക്കുന്നതുകണ്ടു മനമാകെ കുളിരണിഞ്ഞു. ഇന്ന് ഇനിയും ഒരുപാടു കാര്യങ്ങള്‍ ഇന്നു ചെയ്തുതീര്‍ക്കാനുണ്ട്. എങ്കിലും ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ ചില സ്വകാര്യനിമിഷങ്ങള്‍ സഹസഖാക്കളോടു പങ്കുവെയ്ക്കണമെന്നു തോന്നി - ഇമ്മാതിരി മൃദുലവികാരങ്ങള്‍ ഒരു വിപ്ലവകാരിക്കു നിഷിദ്ധമാണെങ്കിലും.
ലാല്‍ സലാം!
Friday, May 1, 2009
Subscribe to:
Post Comments (Atom)
മെയ് ദിനാശംസകള്‍! അടിച്ചുപൊളിക്കൂ!! പടക്കങ്ങള്‍ പൊട്ടിക്കൂ!!!
ReplyDelete