Tuesday, April 28, 2009

ബ്ലോഗ് സാക്ഷികള്‍ സിന്ദാബാദ്

സഖാക്കളെ,

ബ്ലോഗുകളില്‍ നമ്മള്‍ തുടങ്ങിവച്ച വിപ്ലവമുന്നേറ്റത്തിന്റെ അടുത്ത പടി എന്തെന്ന് അറിയാന്‍ നിങ്ങള്‍ക്കേവര്‍‌ക്കും ആകാംക്ഷയുണ്ടെന്നറിയാം. രക്തസാക്ഷിത്വം എന്നും നമ്മുടെ പാര്‍‌ട്ടിയുടെ ഒരു ശക്തിസ്ഥാനമായിരുന്നല്ലോ. രക്തസാക്ഷികള്‍ ഉണ്ടാകേണ്ടത് അതിനാല്‍ പാര്‍‌ട്ടിയുടെ ഒരാവശ്യവുമാണ്‌. ബ്ലോഗുകളുടെ ലോകത്തിലും ഈ തത്വം തീര്‍‌ച്ചയായും ഉപയോഗിക്കപ്പെടേണ്ടതാണെങ്കിലും, ചെറിയ പ്രായോഗികവൈഷമ്യങ്ങള്‍ ഇക്കാര്യത്തിലുണ്ടുതാനും. മാറ്റമില്ലാതെ ലോകത്തില്‍ ആകെയുള്ളത് മാറ്റം മാത്രമാണല്ലോ (സ:മാര്‍ക്സ്). മാറുന്ന ലോകത്തിനൊപ്പം തന്ത്രങ്ങളും മാറേണ്ടിയിരിക്കുന്നു. അതുകൊണ്ട് ബ്ലോഗ് ലോകത്തിനുവേണ്ടി ഒരു പുതിയ തരം സാക്ഷിത്വം - ബ്ലോഗുസാക്ഷിത്വം - നിര്‍‌വ്വചിക്കാന്‍ ഇന്നലെ ചേര്‍‌ന്ന വിപ്ലവക്കമ്മറ്റിയുടെ പ്ലീനം ധീരമായ ഒരു തീരുമാനമെടുത്ത വിവരം എല്ലാ സഖാക്കളെയും അറിയിച്ചുകൊള്ളുന്നു. ബ്ലോഗുസാക്ഷിത്വത്തിന്‌ തികച്ചും ഉദാരമായ ഒരു നിര്‍‌വ്വചനം കൊടുക്കാനാണ്‌ കമ്മറ്റിയിലെ ധീരസഖാക്കള്‍ ഐകകണ്ഠ്യേന തീരുമാനിച്ചത്. പിന്തിരിപ്പന്‍, വര്‍‌ഗ്ഗീയ, ഫാസിസ്റ്റ് ശക്തികളില്‍നിന്നും കമന്റാക്രമണം നേരിടേണ്ടി വരുന്ന ഏതൊരു സഖാവിനും ബ്ലോഗുസാക്ഷി എന്ന ബഹുമതി നല്‍‌കാന്‍ കമ്മറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. നാം ആഘോഷിച്ചുവരുന്ന മെയ്‌ദിനോത്സവം പോലെതന്നെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്തതല്ലേ ഈ ബ്ലോഗുസാക്ഷിത്വം എന്ന് ബൂര്‍ഷ്വാസി ചോദിച്ചേക്കാം. അര്‍ഹിക്കുന്ന അവജ്ഞയോടെ അത്തരം ചോദ്യങ്ങള്‍ സഖാക്കള്‍ അവഗണിക്കേണ്ടതാകുന്നു. ഈ ബഹുമതി ലഭിക്കുന്ന സഖാക്കള്‍ ഇതൊരു ഉത്തരവാദിത്തമായി കാണണമെന്നും പാര്‍‌ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന്‌ ആക്കം കൂട്ടുന്ന പോസ്റ്റുകള്‍ സ്വന്തം ബ്ലോഗുകളില്‍ നിരന്തരം ഇടണമെന്നും വിപ്ലവക്കമ്മറ്റി ആഗ്രഹിക്കുന്നു.

പ്രതിവിപ്ലവശക്തികളുടെ മുന്നില്‍ ധീരതയോടെ രക്തപതാകയും, പോസ്റ്ററും സ്വന്തം ബ്ലോഗില്‍ ചാര്‍ത്തിയതിന്റെ പേരില്‍ വര്‍ഗ്ഗീയ-ഫ്യൂഡലിസ്റ്റ്-സവര്‍‌ണ്ണഹിന്ദുത്വ അച്ചുതണ്ടിന്റെ ക്രൂരമായ കമന്റ് ആക്രമണത്തിനു വിധേയനായ സ: ഉമേഷ് നായരെ ബ്ലോഗിലെ ഇടതുപക്ഷപുരോഗമനവാദവിഭാഗത്തിന്റെ ആദ്യത്തെ ബ്ലോഗുസാക്ഷിയായി തെരഞ്ഞെടുക്കാനാണ്‌ കമ്മറ്റിയോഗത്തില്‍ (പതിവുപോലെ) ഐകകണ്ഠ്യേന തീരുമാനിക്കപ്പെട്ടത്. സ: ഉമേഷ് നായര്‍ തന്റെ ബ്ലോഗില്‍ സ്വന്തം ഹൃദയരക്തം കൊണ്ടെഴുതിയ പോസ്റ്റിട്ട ആ ദിവസം, ഏപ്രില്‍ 15, അടുത്ത വര്‍ഷം മുതല്‍ നമ്മള്‍ "ധീര ബ്ലോഗുസാക്ഷി ദിന"മായി കൊണ്ടാടാന്‍ തീരുമാനിക്കുകയാണെന്നും ഇത്തരുണത്തില്‍ അറിയിച്ചുകൊള്ളട്ടെ. പ്രതിലോമശക്തികളുടെ നാറുന്ന ശവപ്പെട്ടിയില്‍ നമ്മളടിച്ചുതാഴ്ത്തുന്ന ഏറ്റവും പുതിയ ആണിയത്രേ സ: ഉമേഷ് നായരുടെ ബ്ലോഗുസാക്ഷിത്വം. സ:ട്രോട്‌സ്കി, സ:ചെ തുടങ്ങിയ വിദേശരാജ്യസഖാക്കന്മാര്‍ ചോരനല്‍കി പണിതുയര്‍‌ത്തിയ പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യത്തെ ബ്ലോഗുസാക്ഷിയാവാന്‍ കഴിഞ്ഞതില്‍ സ: ഉമേഷ് നായര്‍‌ക്ക് അഭിമാനിക്കാം. തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യത്തിന്റെ ഒരു മുന്നണിപ്പോരാളിയെന്ന നിലയില്‍ പുരോഗമനപരമായ ഇത്തരം പോസ്റ്റുകള്‍ ഇനിയും സ:ഉമേഷ് നായരില്‍‌നിന്നും പ്രസ്ഥാനം പ്രതീക്ഷിക്കുന്നു എന്ന് സഖാവിനെ ഓര്‍‌മ്മപ്പെടുത്താനും ഈ അവസരം ഉപയോഗിക്കുന്നു.



ലാല്‍ സലാം.

സവ‌ര്‍‌ണ്ണ വര്‍‌ഗ്ഗീയത തുലയട്ടെ...
പ്രതിലോമശക്തികള്‍ തകരട്ടെ..
അഭിപ്രായസ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ.

വാല്‍ക്കഷ്ണം: ധീര ബ്ലോഗുസാക്ഷിദിനം കൊണ്ടാടുവാന്‍ നാമെല്ലാവരും നമ്മുടെ ബ്ലോഗുകളുടെ ബേക്‌ഗ്രൗണ്ട് ചുവന്ന കളറാക്കുന്നത് ഉത്തമമായിരിക്കും. സ്വതന്ത്രചിന്തകരുടെ ബ്ലോഗുകളെ തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയാവും ആ രക്തവര്‍‌ണ്ണം.

[വായനക്കാരുടെ ശ്രദ്ധയ്ക്ക്: വിപ്ലവപ്രസ്ഥാനങ്ങളിലും അവയുടെ രാഷ്ട്രീയത്തിലും അടിയുറച്ചുവിശ്വസിക്കുന്ന സഖാക്കളെ ഉദ്ദേശിച്ചുള്ളതാണ്‌ മുകളിലെ പോസ്റ്റ്. നിങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്ളവരല്ലെങ്കില്‍ ദയവുചെയ്ത് മുകളില്‍ വായിച്ചതെല്ലാം മറക്കുക. മറക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക]

6 comments:

  1. ധീര ബ്ലോഗുസാക്ഷിദിനം നീണാള്‍ വാഴട്ടെ!!!

    ReplyDelete
  2. സവര്‍ണ്ണ ഫാസിസ്റ്റുകളായി മുദ്രകുത്തപ്പെട്ട ഞങ്ങള്‍ മഞ്ഞ നക്ഷത്രം ഞങ്ങളുടെ ചിഹന്മായി എടുക്കുന്നു. അതേല്‍ ആരും തൊട്ട് കളിക്കരുത്.

    ReplyDelete
  3. ഒരാളുടെ നിലപാട് വ്യക്തമാക്കല്‍ ആരെയൊക്കെ അലോസരപ്പെടുത്തുന്നു. ആ അലോസരം ഏതൊക്കെ രീതികളില്‍ പുറത്ത് വരുന്നു. പഠിക്കേണ്ട വിഷയം. എങ്കിലും നര്‍മ്മബോധം കൊള്ളാം.

    ReplyDelete
  4. രക്തസാക്ഷികള്‍ സിന്ദാബാദ്

    ReplyDelete
  5. നമുക്കു ലക്ഷ്യമൊന്നു തന്നെ അന്നുമിന്നുമെന്നുമേ

    ReplyDelete
  6. വാ സലാമു ലാലും സഖാവേ, മെയ്‌ദിനാശംസകള്‍.

    ബൂര്‍ഷ്വാ ഫ്യൂഡല്‍ ഫാസിസ്റ്റ് സവര്‍ണ്ണ ശക്തികള്‍ നമ്മുടെ മൗലികമായ എതിര്‍പ്പിന്റെ ചതുര്‍‌മൂലകളില്‍ നിലകൊള്ളുന്നു. ചെന്നായ്ക്കള്‍ ആട്ടിന്‌തോലിട്ടു വരും. അവര്‍ പുനലൂര്‍ രാജന്റെ വേഷത്തിലും വരാം. സവര്‍ണ്ണ ബിംബങ്ങളുടെ ഗുരുകുലങ്ങളില്‍ അഭ്യാസം നടത്തിയ രാമന്‍‌പിള്ളമാരുടെ മനം മാറ്റങ്ങളുടെ അന്തസാരം പ്രതിക്രിയാവാദമാണോ എന്നു നാം അന്വേഷിക്കണം.

    പോസ്റ്ററൊട്ടിക്കുന്നവരൊക്കെ പോസ്റ്റ്മാനാവുന്ന ബ്ലോഗ് ഭൂമികയില്‍ ഈ വിചിന്തനത്തിന് ഒന്നിലേറെ പ്രതലങ്ങളുണ്ട്. ഈ മദ്ധ്യവേനല്‍ ഇലക്ഷന്‍ ചൂടില്‍ ദുബൈ നഗരവാസിയാം തരുണര്‍ക്കെതിരേ നമ്മുടെ ചെമ്മണ്ണൂര്‍ കരുണന്മാര്‍ നടത്തിയ പാട്ടുമത്സരത്തില്‍ ഒരു ഭരണിത്താളമെങ്കിലുമിടാതെ പോയവര്‍ക്ക് നമ്മുടെ സാക്ഷിമണ്ഡപങ്ങളില്‍ സ്ഥാനം കൊടുക്കേണ്ടതുണ്ടോ?

    സവര്‍ണ്ണവാലുകളുള്ളവരെ ഒപ്പം നിര്‍ത്തണമോയെന്നത് നമ്മള്‍ അവധാനതെയോടെ ചിന്തിക്കേണ്ടിയിരിക്കുന്ന സമയമാണിത്. കേരളത്തിലെ നമ്മുടെ പാരമ്പര്യം അടിസ്ഥഅനപരമായി അടിച്ചമര്‍ത്ത്പ്പെട്ടവരുടേതാണ്. വര്‍ത്തമാനത്തിന്റെ വൈഷമ്യങ്ങളെ മറികടന്ന് വര്‍ത്തമാനകേരളത്തിന്റെ വര്‍ത്തമാനമായി മാറിയ സവര്‍ണ്‍നനും, യാഥാര്‍ത്ഥ്യവും തമാശയും വേര്തിരിച്ചറിയാനുള്ള കഴിവില്ലാതിരുന്നിട്ടും തമാശകളിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്റ്റിച്ച ഫ്യൂഡല്‍ സവര്‍ണ്‍നനുമൊക്കെ നമ്മുടെ ഒപ്പം ഉണ്ടായിരുന്നിട്ടുണ്ടാവാം. എന്നുവെച്ച് ഏതു ഫാസിസ്റ്റ് സവര്‍ണ്ണനും തോന്നുമ്പോള്‍ ഓടിക്കേറാന്‍ ഇതു വഴിയമ്പലമൊന്നുമല്ല.

    അബ്‌സൊല്യൂട്ട് ആയിട്ടുള്ളത് ഒരു ഓട്ട മാത്രമാണ്. ആ ഓട്ട ഒരിക്കലും നികത്തപ്പെടാവുന്നതല്ല. അതില്‍ നമുക്ക് വിഷുവിന് പൊട്ടിക്കാനുള്ള പടക്കങ്ങള്‍ നിറയ്ക്കാം. ബാലിയുടെ തുടയിലേക്കെയ്യാനുള്‍ല അമ്പുകള്‍ കൂട്ടിവെയ്ക്കാം.

    ReplyDelete

Followers