ചുവപ്പ്

Monday, May 18, 2009

ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്
















സഖാക്കളേ,

സാമ്രാജ്യത്വ-, വര്‍‌ഗ്ഗീയ-, ഫാഷിസ്റ്റുശക്തികള്‍ അഴിച്ചുവിട്ട കുപ്രചരണങ്ങളും, വോട്ടുവിലയ്ക്കുവാങ്ങലും കാരണം ഇടതുപുരോഗമനശക്തികള്‍ക്ക് കേരളത്തിലും, പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പില്‍ വിജയം തടഞ്ഞുവെയ്ക്കപ്പെട്ടു എന്നറിഞ്ഞു. വലുതും ചെറുതുമായ വിജയങ്ങളും വിജയക്കുറവുകളും രാഷ്ട്രീയത്തില്‍ സാധാരണമാണല്ലോ. ഇതുകൊണ്ടൊന്നും ചുവപ്പിന്റെ വീര്യം തീരാന്‍ പോകുന്നില്ല. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍‌മുറക്കാര്‍" എന്നല്ലേ സ: ചങ്ങമ്പുഴ പാടിയിട്ടുള്ളത്.

വിജയക്കുറവിനിടയിലും ഏറ്റവും മികച്ച പാര്‍‌ട്ടിയായിത്തുടരുന്നത് കമ്മ്യൂണിസ്റ്റുപാര്‍‌ട്ടിയാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. കേരളത്തിന്റെ ഏറ്റവും തെക്കും, ഏറ്റവും വടക്കുമുള്ള ജില്ലകളില്‍ വിജയം കൈവരിച്ച വേറെ ഏതുപാര്‍‌ട്ടിയുണ്ട്? അതു മാത്രമല്ല, പാര്‍‌ട്ടിയുടെ അടിത്തറ ഇളകി എന്നു വീമ്പിളക്കുന്നവര്‍ ഒരു കാര്യം ഓര്‍‌ക്കുന്നതു നന്ന്‌. എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കാമെന്ന് സ: കാരാട്ട് വളരെമുമ്പുതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ഈ വിഷമകാലത്തില്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മറന്ന് ഇത്രയും മഹാമനസ്കത എത്രപേര്‍ കാട്ടും? പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേരാന്‍ പോകുന്ന കോണ്‍ഗ്രസ്സുകാര്‍ ഇത് ഓര്‍‌ത്തിരിക്കുമെന്നു പ്രത്യാശിക്കാം, ഭാരതത്തിന്റെ നന്മയ്ക്കു വേണ്ടിയെങ്കിലും...

വാല്‍‌ക്കഷ്ണം 1: ഒരു തൂവെള്ളവ്യക്തിത്വത്തിനുടമയായ സ: പിണറായിയെപ്പറ്റി സഖാക്കന്മാരുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനുശേഷം അപവാദങ്ങള്‍ പരത്താനാരംഭിച്ചിരിക്കുന്നത് ഒരുതരം കൗപീനത്തിലെ ഏര്‍‌പ്പാടാണ്‌. സ:പിണറായിയുടെ അക്ഷീണപരിശ്രമത്തിന്റെയും, ദൂരക്കാഴ്ച്കയുടെയും ഫലമായാണ്‌ കാസറഗോഡു സീറ്റില്‍ പാര്‍‌ട്ടിയ്ക്ക് ഇത്രയും മികച്ച ഭൂരിപക്ഷം കിട്ടിയതെന്ന് ഈ വൈതാളികന്‍‌മാര്‍ മറന്നുപോകുന്നു. ഇമ്മാതിരി ഇളവെയിലത്തൊന്നും വാടാന്‍ വേണ്ടിയല്ല സ:പിണറായി വിപ്ലവത്തീയില്‍ കുരുത്തതെന്നോര്‍‌ക്കുക വല്ലപ്പോഴും.

വാല്‍‌ക്കഷ്ണം 2: ബ്ലോഗിലെ മറ്റു സഖാക്കളോടൊരഭ്യര്‍‌ത്ഥന: തെരഞ്ഞെടുപ്പിനുമുമ്പ് "ചുവപ്പ്" പോസ്റ്റര്‍ ഇട്ടപോലെ ഒരു പോസ്റ്റര്‍ എല്ലാവരും ഇടാനപേക്ഷ. ഈ തീം വച്ച് സ:ജയവിജയന്‍ എന്ന ക്യൂബന്‍ സഖാവുവരച്ച ഒരു പോസ്റ്റര്‍ ഇവിടെ ഞാനിടുന്നു. നമ്മുടെ സമരവീര്യം കെടുത്താന്‍ ഒരു തെരഞ്ഞെടുപ്പുഫലത്തിനുമാവില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടാവട്ടെ നാം മുന്നോട്ടുനീങ്ങുന്നത്!

വാല്‍‌ക്കഷ്ണം 3: ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ എങ്ങനെയാണു ഡിലീറ്റു ചെയ്യുന്നതെന്ന് അറിയാവുന്ന സഖാക്കള്‍ ആ വിവരം കമന്റുവഴി അറിയിച്ചുതരാനപേക്ഷ. അത്യാവശ്യമാണ്‌.

ലാല്‍ സലാം.
വിപ്ലവം നീണാള്‍ വാഴട്ടെ..

Tuesday, May 5, 2009

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് - ഫലപ്രവചനം




തെരഞ്ഞെടുപ്പുകഴിഞ്ഞ് കിട്ടിയ വിവിധകണക്കുകള്‍ (വോട്ടിങ്ങ് ശതമാനം, മുന്‍ തെരഞ്ഞെടുപ്പുഫലങ്ങള് മുതലായവ‍) കൂട്ടിവച്ച് ഇത്രയും ദിവസം കൂലങ്കഷമായിരുന്ന് ആലോചിക്കുകയായിരുന്നു. സംശയം തോന്നിയപ്പോഴൊക്കെ ദാസ് കാപ്പിറ്റലും, ഗ്രാംഷി, അല്‍ത്തൂസര്‍ മുതലായവരുടെ ചില പുസ്തകങ്ങളും കൂടി ഉപയോഗിച്ചു. അവസാനം എനിക്കു വ്യക്തമായി തോന്നിയ ഫലങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

  • കാസര്‍‌കോട്‍ :- സ: കരുണാകരന്‍ വന്‍ഭൂരിപക്ഷത്തോടെ ഷാഹിദാ കമാലിനെ തോല്‍‌പ്പിക്കും.
  • കണ്ണൂര്‍ :- സ: രാഗേഷ് വന്‍ഭൂരിപക്ഷത്തോടെ സുധാകരനെ തറപറ്റിക്കും.
  • വടകര :- സ: സതീദേവി വന്‍ഭൂരിപക്ഷത്തോടെ മുല്ലപ്പള്ളിയെ തോല്‍‌പ്പിക്കും.
  • വയനാട് :- റഹ്‌മത്തുള്ള (സി പി ഐ) ചെറിയ ഭൂരിപക്ഷത്തിന്‌ ഷാനവാസിനെ തോല്‍‌പ്പിക്കും.
  • കോഴിക്കോട് :- സ: മുഹമ്മദ് റിയാസ് വന്‍ഭൂരിപക്ഷത്തോടെ എം കെ രാഘവനെ തോല്‍‌പ്പിക്കും.
  • മലപ്പുറം :- സ: ഹംസ വന്‍ഭൂരിപക്ഷത്തോടെ അഹമ്മദിനെ തോല്‍‌പ്പിക്കും.
  • പാലക്കാട് :- സ: രാജേഷ് വന്‍ഭൂരിപക്ഷത്തോടെ സതീശന്‍ പാച്ചേനിയെ തോല്‍‌പ്പിക്കും.
  • പൊന്നാനി : - (സ:) രണ്ടത്താണി അഭൂതപൂര്‍‌വ്വമായ ഭൂരിപക്ഷത്തോടെ മുഹമ്മദ് ബഷീറിനെ തോല്‍‌പ്പിക്കും.
  • ആലത്തൂര്‍ :- സ: ബിജു വന്‍ഭൂരിപക്ഷത്തോടെ സുധീറിനെ തോല്‍‌പ്പിക്കും.
  • തൃശൂര്‍ :- സി എന്‍ ജയദേവന്‍ (സി പി ഐ) നേരിയ ഭൂരിപക്ഷത്തിന്‌ ചാക്കോയെ തോല്‍‌പ്പിക്കും.
  • ചാലക്കുടി :- സ: ജോസഫ് വന്‍ഭൂരിപക്ഷത്തോടെ ധനപാലനെ തോല്‍‌പ്പിക്കും.
  • എറണാകുളം :- സ: സിന്ധു ജോയി വന്‍ഭൂരിപക്ഷത്തോടെ കെ വി തോമസിനെ തോല്‍‌പ്പിക്കും.
  • ഇടുക്കി :- ഫ്രാന്‍‌സിസ് ജോര്‍‌ജ്ജ് (കേ കോ-ജോ) ചെറിയ ഭൂരിപക്ഷത്തിന്‌ പി റ്റി തോമസിനെ തോല്പ്പിക്കും.
  • കോട്ടയം :- സ: സുരേഷ് കുറുപ്പ് വന്‍ഭൂരിപക്ഷത്തോടെ ജോസ് കെ മാണിയെ തോല്‍‌പ്പിക്കും.
  • ആലപ്പുഴ :- സ: മനോജ് വന്‍ഭൂരിപക്ഷത്തോടെ വേണുഗോപാലിനെ തോല്‍‌പ്പിക്കും.
  • പത്തനം‌തിട്ട :- സ: അനന്തഗോപന്‍ വന്‍ഭൂരിപക്ഷത്തോടെ ആന്റോ ആന്റണിയെ തോല്‍‌പ്പിക്കും.
  • മാവേലിക്കര :- ആര്‍ എസ് അനില്‍ (സി പി ഐ) നേരിയ ഭൂരിപക്ഷത്തിന്‌ കൊടിക്കുന്നില്‍ സുരേഷിനെ തോല്‍‌പ്പിക്കും.
  • കൊല്ലം :- സ: രാജേന്ദ്രന്‍ വന്‍‌ഭൂരിപക്ഷത്തോടെ പീതാംബരക്കുറുപ്പിനെ തോല്‍‌പ്പിക്കും.
  • ആറ്റിങ്ങല്‍ :- സ: സമ്പത്ത് വന്‍‌ഭൂരിപക്ഷത്തോടെ ബാലചന്ദ്രനെ തോല്പ്പിക്കും.
  • തിരുവനന്തപുരം :- രാമചന്ദ്രന്‍ നായര്‍ (സി പി ഐ) കുറച്ചു ബുദ്ധിമുട്ടിയിട്ടാണെങ്കിലും ശശി തരൂരിനെ തോല്‍‌പ്പിക്കും.

തെരഞ്ഞെടുപ്പുകുതന്ത്രങ്ങളൊന്നും നടന്നിട്ടില്ലെങ്കില്‍ നിശ്ചയമായും ഇവയായിരിക്കും ഫലങ്ങള്‍. (അഥവാ, ഇങ്ങനെയല്ല തെരഞ്ഞെടുപ്പുഫലങ്ങള്‍ എന്നാലതിനര്‍‌ത്ഥം എന്തൊക്കെയോ കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്നാണ്‌).

സര്‍‌വ്വരാജ്യതൊഴിലാളി ഐക്യം വിജയിക്കട്ടെ!
വിപ്ലവം ബാലട്ടുപെട്ടിയിലൂടെ!!
ലാല്‍ സലാം!!!

Friday, May 1, 2009

മെയ് ദിനാശംസകള്‍

ലോകത്തിലെ എല്ലാ തൊഴിലാളി സഖാക്കള്‍ക്കും മെയ്‌ദിനാശംസകള്‍‌.

ഇവിടെ അബാനയില്‍ പതിവുപോലെ ആഘോഷമായി മെയ് ദിനം കൊണ്ടാടി.

ഉറങ്ങാന്‍ പോകുന്നതിനുമുമ്പുതന്നെ മെയ്‌ദിനക്കണി വച്ചിട്ടാണു കിടന്നത്. അപ്പൂപ്പന്റെ കാലം മുതലേ കുടുംബത്തിലുണ്ടായിരുന്ന മാര്‍‌ക്സ് വിഗ്രഹം, ഒരു ചുവന്ന ആപ്പിള്‍‍, സ്ട്രാബെറികള്‍, ക്യൂബയിലേക്കു ഞാന്‍ പോന്ന സമയത്ത് ലോക്കല്‍ കമ്മറ്റി നല്‍കിയ യാത്രയയപ്പില്‍ എനിക്കു തന്ന പൊന്നരിവാള്‍-ചുറ്റിക-നക്ഷത്രങ്ങള്‍ മുതലായവ ഒരു ചുവന്ന പട്ടില്‍ ഒരുക്കിവച്ചു.രാവിലെ എഴുന്നേറ്റു കണ്ണുതുറന്നപ്പോഴേ അങ്ങനെ ഒരു നല്ല കണി കാണാന്‍ പറ്റി. ഞാന്‍ തന്നെയുണ്ടാക്കിയ ഒരു വിപ്ലവകീര്‍ത്തനവും പാടിക്കൊണ്ടാണു ഞാനെഴുന്നേറ്റത്:
"കണി കാണും നേരം ദീര്‍‌ഘരോമന്റെ നിറമേറും ചെമലത്തുകില്‍ ചാര്‍‌ത്തി
കനകച്ചുറ്റിക, യരിവാള്‍, നക്ഷത്രം അണിഞ്ഞുകാണേണം തിരുമാര്‍‌ക്സേ"

എല്ലാ നല്ല ദിവസങ്ങളിലും ചെയ്യാറുള്ളതുപോലെ, മാനിഫെസ്റ്റോ ഗ്രന്ഥം പകുതിക്കു തുറന്ന് ഏഴുവരിയും, ഏഴക്ഷരവും തള്ളി വായിച്ചുനോക്കി (കൃത്യമായി ഭാവി അറിയാന്‍ ഇതെന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്). ഇത്തവണ കണ്ടത് ഇതായിരുന്നു: "The Communists do not form a separate party opposed to other working-class parties." ഇത്തവണത്തെ ഫലം മോശമില്ലല്ലോ എന്നു ഞാന്‍ സന്തോഷിച്ചു. ഇതിന്റെ ഒരു കോപ്പി എടുത്ത് ആ വെളിയം ഭാര്‍‌ഗ്ഗവന്‍ സഖാവിനൊന്നയച്ചുകൊടുക്കണം. അങ്ങേര്‍ ശരിയായ കമ്മ്യൂണിസ്റ്റാണെങ്കില്‍ വലതുപാര്‍‌ട്ടി പിരിച്ചുവിടാന്‍ നടപടിയെടുക്കട്ടെ.

വിപ്ലവകര്‍‌മ്മങ്ങളൊക്കെക്കഴിഞ്ഞു ടെറസ്സിലിറങ്ങിനോക്കിയപ്പോള്‍ എല്‍ മോറോ കോട്ടയ്ക്കുമുകളില്‍ പ്രഭാതസൂര്യന്റെ അരുണരശ്മികള്‍ രക്തപുഷ്പമാലകളണിയിക്കുന്നതുകണ്ടു മനമാകെ കുളിരണിഞ്ഞു. ഇന്ന് ഇനിയും ഒരുപാടു കാര്യങ്ങള്‍ ഇന്നു ചെയ്തുതീര്‍‌ക്കാനുണ്ട്. എങ്കിലും ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ ചില സ്വകാര്യനിമിഷങ്ങള്‍ സഹസഖാക്കളോടു പങ്കുവെയ്ക്കണമെന്നു തോന്നി - ഇമ്മാതിരി മൃദുലവികാരങ്ങള്‍ ഒരു വിപ്ലവകാരിക്കു നിഷിദ്ധമാണെങ്കിലും.

ലാല്‍ സലാം!

Tuesday, April 28, 2009

ബ്ലോഗ് സാക്ഷികള്‍ സിന്ദാബാദ്

സഖാക്കളെ,

ബ്ലോഗുകളില്‍ നമ്മള്‍ തുടങ്ങിവച്ച വിപ്ലവമുന്നേറ്റത്തിന്റെ അടുത്ത പടി എന്തെന്ന് അറിയാന്‍ നിങ്ങള്‍ക്കേവര്‍‌ക്കും ആകാംക്ഷയുണ്ടെന്നറിയാം. രക്തസാക്ഷിത്വം എന്നും നമ്മുടെ പാര്‍‌ട്ടിയുടെ ഒരു ശക്തിസ്ഥാനമായിരുന്നല്ലോ. രക്തസാക്ഷികള്‍ ഉണ്ടാകേണ്ടത് അതിനാല്‍ പാര്‍‌ട്ടിയുടെ ഒരാവശ്യവുമാണ്‌. ബ്ലോഗുകളുടെ ലോകത്തിലും ഈ തത്വം തീര്‍‌ച്ചയായും ഉപയോഗിക്കപ്പെടേണ്ടതാണെങ്കിലും, ചെറിയ പ്രായോഗികവൈഷമ്യങ്ങള്‍ ഇക്കാര്യത്തിലുണ്ടുതാനും. മാറ്റമില്ലാതെ ലോകത്തില്‍ ആകെയുള്ളത് മാറ്റം മാത്രമാണല്ലോ (സ:മാര്‍ക്സ്). മാറുന്ന ലോകത്തിനൊപ്പം തന്ത്രങ്ങളും മാറേണ്ടിയിരിക്കുന്നു. അതുകൊണ്ട് ബ്ലോഗ് ലോകത്തിനുവേണ്ടി ഒരു പുതിയ തരം സാക്ഷിത്വം - ബ്ലോഗുസാക്ഷിത്വം - നിര്‍‌വ്വചിക്കാന്‍ ഇന്നലെ ചേര്‍‌ന്ന വിപ്ലവക്കമ്മറ്റിയുടെ പ്ലീനം ധീരമായ ഒരു തീരുമാനമെടുത്ത വിവരം എല്ലാ സഖാക്കളെയും അറിയിച്ചുകൊള്ളുന്നു. ബ്ലോഗുസാക്ഷിത്വത്തിന്‌ തികച്ചും ഉദാരമായ ഒരു നിര്‍‌വ്വചനം കൊടുക്കാനാണ്‌ കമ്മറ്റിയിലെ ധീരസഖാക്കള്‍ ഐകകണ്ഠ്യേന തീരുമാനിച്ചത്. പിന്തിരിപ്പന്‍, വര്‍‌ഗ്ഗീയ, ഫാസിസ്റ്റ് ശക്തികളില്‍നിന്നും കമന്റാക്രമണം നേരിടേണ്ടി വരുന്ന ഏതൊരു സഖാവിനും ബ്ലോഗുസാക്ഷി എന്ന ബഹുമതി നല്‍‌കാന്‍ കമ്മറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും. നാം ആഘോഷിച്ചുവരുന്ന മെയ്‌ദിനോത്സവം പോലെതന്നെ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്തതല്ലേ ഈ ബ്ലോഗുസാക്ഷിത്വം എന്ന് ബൂര്‍ഷ്വാസി ചോദിച്ചേക്കാം. അര്‍ഹിക്കുന്ന അവജ്ഞയോടെ അത്തരം ചോദ്യങ്ങള്‍ സഖാക്കള്‍ അവഗണിക്കേണ്ടതാകുന്നു. ഈ ബഹുമതി ലഭിക്കുന്ന സഖാക്കള്‍ ഇതൊരു ഉത്തരവാദിത്തമായി കാണണമെന്നും പാര്‍‌ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന്‌ ആക്കം കൂട്ടുന്ന പോസ്റ്റുകള്‍ സ്വന്തം ബ്ലോഗുകളില്‍ നിരന്തരം ഇടണമെന്നും വിപ്ലവക്കമ്മറ്റി ആഗ്രഹിക്കുന്നു.

പ്രതിവിപ്ലവശക്തികളുടെ മുന്നില്‍ ധീരതയോടെ രക്തപതാകയും, പോസ്റ്ററും സ്വന്തം ബ്ലോഗില്‍ ചാര്‍ത്തിയതിന്റെ പേരില്‍ വര്‍ഗ്ഗീയ-ഫ്യൂഡലിസ്റ്റ്-സവര്‍‌ണ്ണഹിന്ദുത്വ അച്ചുതണ്ടിന്റെ ക്രൂരമായ കമന്റ് ആക്രമണത്തിനു വിധേയനായ സ: ഉമേഷ് നായരെ ബ്ലോഗിലെ ഇടതുപക്ഷപുരോഗമനവാദവിഭാഗത്തിന്റെ ആദ്യത്തെ ബ്ലോഗുസാക്ഷിയായി തെരഞ്ഞെടുക്കാനാണ്‌ കമ്മറ്റിയോഗത്തില്‍ (പതിവുപോലെ) ഐകകണ്ഠ്യേന തീരുമാനിക്കപ്പെട്ടത്. സ: ഉമേഷ് നായര്‍ തന്റെ ബ്ലോഗില്‍ സ്വന്തം ഹൃദയരക്തം കൊണ്ടെഴുതിയ പോസ്റ്റിട്ട ആ ദിവസം, ഏപ്രില്‍ 15, അടുത്ത വര്‍ഷം മുതല്‍ നമ്മള്‍ "ധീര ബ്ലോഗുസാക്ഷി ദിന"മായി കൊണ്ടാടാന്‍ തീരുമാനിക്കുകയാണെന്നും ഇത്തരുണത്തില്‍ അറിയിച്ചുകൊള്ളട്ടെ. പ്രതിലോമശക്തികളുടെ നാറുന്ന ശവപ്പെട്ടിയില്‍ നമ്മളടിച്ചുതാഴ്ത്തുന്ന ഏറ്റവും പുതിയ ആണിയത്രേ സ: ഉമേഷ് നായരുടെ ബ്ലോഗുസാക്ഷിത്വം. സ:ട്രോട്‌സ്കി, സ:ചെ തുടങ്ങിയ വിദേശരാജ്യസഖാക്കന്മാര്‍ ചോരനല്‍കി പണിതുയര്‍‌ത്തിയ പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യത്തെ ബ്ലോഗുസാക്ഷിയാവാന്‍ കഴിഞ്ഞതില്‍ സ: ഉമേഷ് നായര്‍‌ക്ക് അഭിമാനിക്കാം. തൊഴിലാളിവര്‍‌ഗ്ഗ സര്‍‌വ്വാധിപത്യത്തിന്റെ ഒരു മുന്നണിപ്പോരാളിയെന്ന നിലയില്‍ പുരോഗമനപരമായ ഇത്തരം പോസ്റ്റുകള്‍ ഇനിയും സ:ഉമേഷ് നായരില്‍‌നിന്നും പ്രസ്ഥാനം പ്രതീക്ഷിക്കുന്നു എന്ന് സഖാവിനെ ഓര്‍‌മ്മപ്പെടുത്താനും ഈ അവസരം ഉപയോഗിക്കുന്നു.



ലാല്‍ സലാം.

സവ‌ര്‍‌ണ്ണ വര്‍‌ഗ്ഗീയത തുലയട്ടെ...
പ്രതിലോമശക്തികള്‍ തകരട്ടെ..
അഭിപ്രായസ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ.

വാല്‍ക്കഷ്ണം: ധീര ബ്ലോഗുസാക്ഷിദിനം കൊണ്ടാടുവാന്‍ നാമെല്ലാവരും നമ്മുടെ ബ്ലോഗുകളുടെ ബേക്‌ഗ്രൗണ്ട് ചുവന്ന കളറാക്കുന്നത് ഉത്തമമായിരിക്കും. സ്വതന്ത്രചിന്തകരുടെ ബ്ലോഗുകളെ തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയാവും ആ രക്തവര്‍‌ണ്ണം.

[വായനക്കാരുടെ ശ്രദ്ധയ്ക്ക്: വിപ്ലവപ്രസ്ഥാനങ്ങളിലും അവയുടെ രാഷ്ട്രീയത്തിലും അടിയുറച്ചുവിശ്വസിക്കുന്ന സഖാക്കളെ ഉദ്ദേശിച്ചുള്ളതാണ്‌ മുകളിലെ പോസ്റ്റ്. നിങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്ളവരല്ലെങ്കില്‍ ദയവുചെയ്ത് മുകളില്‍ വായിച്ചതെല്ലാം മറക്കുക. മറക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക]

Followers